വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം: കര്‍ശന നടപടിയുമായി ജില്ലാ പഞ്ചായത്ത് ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം കേസെടുക്കാന്‍ നിര്‍ദേശം ജംഗ് ഫുഡ്, മൊബൈല്‍ ഫോണ്‍ നിരോധനം കര്‍ശനമാക്കും

സ്‌കൂള്‍ പരിസരത്തും മറ്റുമുള്ള വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടിയുമായി ജില്ലാ പഞ്ചായത്ത്. ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77, 78 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെയും പബ്ലിക്ക് പ്രോസിക്യൂട്ടറുടെയും യോഗം വിളിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. കുട്ടികളില്‍ ആത്മഹത്യയും മാനസിക സമ്മര്‍ദ്ദവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ചെറിയ തുക പിഴയടച്ചാല്‍ കേസുകളില്‍ നിന്ന് രക്ഷപ്പെടാം എന്നുള്ളത് കൊണ്ടാണ് ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്നും യോഗം നിരീക്ഷിച്ചു. വിഷയത്തില്‍ സാമൂഹ്യ ഇടപെടല്‍ ആവശ്യമാണ്. രണ്ട് മാസം നീണ്ട് നില്‍ക്കുന്ന ശക്തമായ ബോധവല്‍ക്കരണ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ഡിസംബര്‍ നാലിന് വിമുക്തിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍  നടക്കുന്ന ലഹരി വിരുദ്ധ അസംബ്ലിയോടെ പരിപാടിക്ക് തുടക്കമാകും. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ വിദ്യാലയളില്‍ ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വാര്‍ഡ് മെമ്പര്‍, എസ് ഐ, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍, രക്ഷിതാക്കള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജനകീയ സമിതി രൂപീകരിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. ഡിസംബര്‍ മാസത്തില്‍ ക്യാംപയിന്‍ പ്രവര്‍ത്തനങ്ങും ജനുവരിയില്‍ വിപുലമായ ഡ്രൈവും സംഘടിപ്പിക്കും. സ്‌കൂളുകളില്‍ ജംഗ് ഫുഡുകളുടെയും മെബൈല്‍ ഫോണുകളുടെയും നിരോധനം കര്‍ശനമാക്കും. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാലയളുടെ 500 മീറ്റര്‍ പരിധിയിലുള്ള കടകളില്‍ സന്ദര്‍ശനം നടത്തുകയും ജംഗ് ഫുഡ്, ലഹരി വസ്തുക്കള്‍ എന്നിവ വില്‍പ്പന നടത്തരുതെന്നും വിദ്യാര്‍ഥികളുടെ മെബൈല്‍ ഫോണുകള്‍ വാങ്ങി സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശം നല്‍കും. നിരോധിത ഉല്‍പ്പനങ്ങള്‍ സ്‌കൂള്‍ പരിസരങ്ങളില്‍ ലഭിക്കുന്നില്ലെന്നും ഇത്തരം കേസുകളില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77, 78 പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും ജനകീയ സമിതി ഉറപ്പു വരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന മെബൈല്‍ ഫോണുകള്‍ സ്‌കൂളിനടുത്തുള്ള കടകളില്‍ സൂക്ഷിക്കുകയും സ്‌കൂള്‍ ഇടവേളകളില്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. സ്‌കൂളുകളില്‍ കഫേശ്രീ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ നടന്നുവരികയാണെന്നും സ്‌കൂളുകളിലെ ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പ്രസിഡണ്ട് അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ജീവനാണ് വലിച്ചെറിയരുത് ' ക്യാംമ്പയിന് മികച്ച പ്രതികരണമാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്ന് ലഭിക്കുന്നതെന്നും ജില്ലാ കെ വി സുമേഷ് പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ സബ് ജില്ലാ കലോത്സവങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് തലങ്ങളില്‍ സ്‌ക്രീനിംഗ് നടത്തുന്ന കാര്യ ആലോചിക്കുമെന്നും മത്സരാര്‍ഥികള്‍ കൂടുതലായതിനാല്‍ പല മത്സരങ്ങളും മണിക്കൂറുകള്‍ വൈകുന്ന അവസ്ഥയുണ്ടെന്നും യോഗം അറിയിച്ചു. ഇതിനായി ജില്ലയില്‍ പരിഷ്‌ക്കാര സമിതി രൂപീകരിക്കും.

No comments:

Post a Comment