'വിദ്യാലയയങ്ങളും പരിസരവും ലഹരി വിമുക്തമാക്കാന്‍ വിപുലമായ കാമ്പയിന്‍: സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലികള്‍

ജില്ലയിലെ വിദ്യാലയങ്ങളും പരിസരവും ലഹരി വിമുക്തമാക്കാന്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് ജില്ലാ പഞ്ചായത്തും എക്‌സൈസ് വകുപ്പും പോലീസും. ജനുവരി 30 വരെ നീളുന്ന വിമുക്തി മിഷന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ കാമ്പയിനിലൂടെ പൂര്‍ണമായ ലഹരി നിര്‍മാജനമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായ സാഹചര്യത്തിലാണ് ഇത്തരമൊരു ശക്തമായ ഇടപെടലുമായി രംഗത്തെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളെ ലഹരിയുടെ ലോകത്തേക്ക് തള്ളിവിടുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളും. ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77, 78 വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളില്‍ ലഹരിയുടെ ദൂഷ്യഫലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലയിലെ സ്‌കൂളുകളില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 'ചായക്കട' എന്ന പേരിലുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ജില്ലാ എക്‌സൈസ് ഡെപ്പ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ് അറിയിച്ചു. ഡോക്യുമെന്ററി പ്രകാശനം ഡിസംബര്‍ മൂന്നിന് രാവിലെ 9 മണിക്ക് കണ്ണൂര്‍ മുന്‍സിപ്പല്‍ സ്‌കൂളില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും.

ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഡിസംബര്‍ 4 ന് പ്രത്യേക അസംബ്ലികള്‍ വിളിച്ച് ചേര്‍ക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അദ്ധ്യാപകര്‍ക്ക് നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

വിമുക്തി പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് തലശ്ശേരി ടൗണ്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളിലെ കായിക, സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിനും അവരെ അതിലേക്ക് ആകര്‍ഷിക്കുന്നതിനുമായി ഒപ്പന, കോല്‍ക്കളി, കരാട്ടെ, കളരി, നാടന്‍പാട്ട്, മാജിക് ഷോ തുടങ്ങിയ പരിപാടികളും കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും. പരിപാടിയുടെ പ്രചരണാര്‍ഥം ഡിസംബര്‍ 4ന് വൈകീട്ട് ഫ്‌ളാഷ് മോബ്, ബൈക്ക് റാലി എന്നിവയും വിളംബര ജാഥയും സംഘടിപ്പിക്കും.

ഡിസംബര്‍ 15 ന് ശേഷം എക്‌സൈസും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്‌കൂളിന് 500 മീറ്റര്‍ പരിധിയില്‍ വരുന്ന കടകള്‍ സന്ദര്‍ശിച്ച് ഒരു ജനകീയ കാമ്പയിനിലൂടെ ലഹരി വസ്തുക്കള്‍ വില്‍ക്കരുതെന്ന സന്ദേശം നല്‍കും. സ്‌കൂളുകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനം ശാക്തീകരിക്കും. സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള ലഹരി പദാര്‍ഥങ്ങളുടെ വിതരണം പൂര്‍ണ്ണമായും തടയുന്നതിനായി റെയ്ഡുകളും പെട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. ഇതിന് പുറമെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം അവരുടെ ഭാഷയില്‍ തന്നെ നല്‍കാനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. വിമുക്തിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് പ്രചരണ ജാഥകള്‍, സൈക്ലത്തോണ്‍, മാരത്തോണ്‍, കൂട്ടയോട്ടം, റാലി, മനുഷ്യച്ചങ്ങല തുടങ്ങി വിവിധങ്ങളായ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

പി ആര്‍ ഡി ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എക്‌സൈസ് ഡെപ്പ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ പി ജയബാലന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment