സംസ്ഥാനത്തെ ഒന്നു മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക്ക് ആക്കുന്ന പ്രവൃത്തി സമ്പൂര്‍ണതയോട് അടുക്കുന്ന സാഹചര്യത്തില്‍ അതിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ നിയമസഭയുടെ വിദ്യാഭ്യാസ സബ്ജക്ട് കമ്മിറ്റി മാടായി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാനത്ത് കമ്മിറ്റിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു മാടായിലേത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ വിദ്യാലയങ്ങള്‍ കൂടി കമ്മിറ്റി സന്ദര്‍ശിക്കുമെന്ന് മന്ത്രി പറഞ്ഞു.
മാടായി സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളിലും ഒരുക്കിയിരിക്കുന്ന ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം തന്നെ അല്‍ഭുതപ്പെടുത്തിയതായി സന്ദര്‍ശനത്തിന് ശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ അദ്ദേഹം വിലയിരുത്തി. ശാസ്ത്രവും ഗണിതവും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ആശയങ്ങള്‍ ലളിതമായും ദൃശ്യരൂപത്തിലും വിദ്യാര്‍ഥികളിലെത്തിക്കുന്നതില്‍ അധ്യാപകര്‍ മികച്ച നേട്ടം കൈവരിച്ചതായാണ് പരിശോധനയില്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ ക്ലാസ്സില്‍ പറയുന്ന കാര്യങ്ങള്‍ അതേപടി പഠിച്ചുവയ്ക്കുന്നതിനു പകരം പാഠഭാഗങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനും സംശയങ്ങള്‍ തീര്‍ത്ത് മുന്നോട്ടുപോവാനും ഹൈടെക് സാങ്കേതികവിദ്യ വിദ്യാര്‍ഥികളെ സഹായിക്കുന്നതായാണ് മനസ്സിലാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്ര വല്‍ക്കരണത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിച്ചതിനെക്കാള്‍ മികച്ച നേട്ടം സ്‌കൂളിന് കൈവരിക്കാനായിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതിനോടുള്ള താല്‍പര്യം കൂടുതല്‍ കാര്യക്ഷമമായി സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് കരുത്തേകുമെന്നാണ് താന്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ക്ലാസ് മുറികളിലെ ഹൈടെക് സൗകര്യങ്ങളിലും പഠനപ്രവര്‍ത്തനങ്ങളില്‍ അവയുടെ സമര്‍ഥമായ ഉപയോഗത്തിലും അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പേരില്‍ നന്ദി പറയാനും വിദ്യാഭ്യാസ മന്ത്രി മറന്നില്ല.
സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്ന പ്രവൃത്തി ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതോടെ ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം മാറും. പൊതുവിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണം ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയതുകൊണ്ട് മാത്രം സാധ്യമാവില്ല എന്ന തിരിച്ചറിവോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അക്കാദമിക മികവാണ് വിദ്യാലയത്തിന്റെ മികവ് എന്നതാണ് നമ്മുടെ മുദ്രാവാക്യം. അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ പൂര്‍ണമായി വിജയം വരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളുടെ ഹൈടെക്‌വല്‍ക്കരണം വിലയിരുത്താന്‍ മാടായി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണെന്ന് സബ്ജക്ട് കമ്മിറ്റി അംഗം കൂടിയായ ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. സ്‌കൂളിലെ ക്ലാസ് മുറികളില്‍ അധ്യാപകനായും വിദ്യാര്‍ഥിയായും വിദ്യാഭ്യാസ മന്ത്രിയെത്തിയത് വിദ്യാര്‍ഥികള്‍ക്കെന്ന പോലെ അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ചാരിതാര്‍ഥ്യകരമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ടി പി നിര്‍മലാദേവി, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ അജിത, ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രഫ. ബി മുഹമ്മദ് അഹമ്മദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി കെ ജയശ്രീ, പ്രധാനാധ്യാപിക പി വി രമണി, വൊക്കേഷനല്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ യു സജിത്ത് കുമാര്‍, സീനിയര്‍ അധ്യാപകന്‍ ഇ സി വിനോദ്, പിടിഎ പ്രസിഡണ്ട് ഇ പി ഹേമചന്ദ്രന്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
No comments:
Post a Comment