ഭക്ഷ്യ വിഷബാധ: സ്‌കൂളുകളില്‍ അടിയന്തര പരിശോധന നടത്താന്‍ നിര്‍ദ്ദേശം

ജില്ലയിലെ ചില വിദ്യാലയങ്ങളില്‍ നിന്ന് ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുഴുവന്‍ സ്‌കൂളുകളിലും അടിയന്തര പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഭക്ഷ്യസുരക്ഷാ- ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു പുറമെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തണം. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലം, പാചകത്തിനുപയോഗിക്കുന്ന വെള്ളം, ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കും.
പാചകത്തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടോ എന്ന കാര്യവും പരിശോധിക്കും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത പാചകത്തൊഴിലാളികള്‍ ഇത് എത്രയും വേഗം എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന മുഴുവന്‍ സ്ഥലങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കണം. സ്‌കൂളുകളില്‍ പാകം ചെയ്ത ഭക്ഷണം മുതിര്‍ന്നവര്‍ കഴിച്ച ശേഷം മാത്രമേ കുട്ടികള്‍ക്ക് നല്‍കാവൂ എന്നും യോഗം നിര്‍ദ്ദേശിച്ചു. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, അംഗം അജിത്ത് മാട്ടൂല്‍, ഡിഎംഒ ഡോ. കെ നാരായണ നായിക്, ഡിഡിഇ  ടി പി നിര്‍മലാ ദേവി, ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ പി കെ ഗൗരീഷ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. കെ എം ഷാജ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment