1.57 ലക്ഷം അമ്മമാർക്ക് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ ഹൈടെക് പരിശീലനം നൽകി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി. ക്ലബ്ബുകൾ വഴി നടപ്പാക്കിയ അമ്മമാർക്കുള്ള ഹൈടെക് പരിശീലനത്തിൽ ആദ്യ ഘട്ടത്തിൽ 1.57 ലക്ഷം പേർ പരിശീലനം നേടി. സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടാനും, 'സമഗ്ര' പോർട്ടൽ, പാഠപുസ്തകത്തിലെ ക്യു.ആർ. കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുകയുമായിരുന്നു അമ്മമാർക്കുള്ള ഹൈടെക് പരിശീലന പദ്ധതിയുടെ ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളിൽ വ്യാപകമായ സന്ദർഭത്തിലാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചത്. വീടുകളിലുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് റിസോഴ്‌സുകൾ ഉപയോഗിക്കുന്നവിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്‌റൂം പഠന രീതി പരിചയപ്പെടൽ, സമഗ്ര പോർട്ടലിലെ പഠന വിഭവങ്ങൾ ഉപയോഗിക്കുന്നവിധം, വിക്ടേഴ്‌സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയാണ് വിവിധ സെഷനുകളിലായി പരിചയപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പേർ പരിശീലനം നേടിയത് (26138) മലപ്പുറം ജില്ലയിലാണ്. ആലപ്പുഴയും (16712) കോഴിക്കോടും (16404) ആണ് തൊട്ടടുത്ത്. ഒന്നാംഘട്ട പരിശീലനം 30ന് പൂർത്തിയാകും. പരിശീലകരായ അധ്യാപകർക്കും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കും പ്രത്യേകം വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പരിശീലനം ക്രമീകരിച്ചത്. ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 4720 സ്‌കൂളുകളിൽ വിന്യസിച്ചിട്ടുള്ള ബ്രോഡ്ബാൻഡ് സംവിധാനവും എച്ച്.ഡി. വെബ് ക്യാമറയും ടെലിവിഷനും പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയത്. രണ്ടാംഘട്ട പരിശീലനം ഉടൻ തുടങ്ങുമെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.

No comments:

Post a Comment