വിവരാവകാശ നിയമത്തിൽ സൗജന്യ ഓൺലൈൻ കോഴ്‌സ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ വിവരാവകാശ നിയമം 2005 സംബന്ധിച്ച സൗജന്യ ഓൺലൈൻ കോഴ്‌സിലേക്ക് 31 മുതൽ ഫെബ്രുവരി ഏഴുവരെ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ ഇ-മെയിൽ മുഖാന്തിരം അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്  http://rti.img.kerala.gov.in സന്ദർശിക്കുക. ഫോൺ: 8281064199.

ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം

ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിന്റെ കണ്ണൂർ, കാസർകോട്, തൃശ്ശൂർ, പത്തനംതിട്ട സ്‌പോർട്‌സ് ഡിവിഷനുകളിൽ 6, 7, 8, 9, +1/  VHSE ക്ലാസ്സുകളിലേക്ക് പ്രവേശനം നൽകുന്നു. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോൾ, ഫുട്‌ബോൾ, വോളീബോൾ, തായ്ക്വണ്ടൊ, റസ്ലിംഗ്, ഹോക്കി, വെയ്റ്റ് ലിഫ്റ്റിംഗ്, ബോക്‌സിംഗ്, ജൂഡോ, ക്രിക്കറ്റ് (പെൺകുട്ടികൾ) എന്നീ കായിക ഇനങ്ങളിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് സംസ്ഥാന കായിക യുവജന കാര്യാലയം എല്ലാ ജില്ലകളിലും സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കും. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾ ജനനത്തീയതി തെളിയിക്കുന്ന രേഖയും ജില്ലാ സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റും ഫോട്ടോയുമായി എത്തണം. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക്  http://gvrsportsschool.org/talenthunt എന്ന ലിങ്കിൽ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846799181.

നൈതികം - കൂടുതൽ നിർദേശങ്ങൾ

നൈതികം എന്ന പദ്ധതി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ നിർദേശങ്ങൾക്ക് പുറമെ കൂടുതൽ കാര്യങ്ങൾ നടപ്പിൽ വരുത്താൻ DGE നിർദേശിച്ചു. എല്ലാ നിർദേശങ്ങളും AEO / DEO മാർ പ്രഥമാധ്യാപകർക്ക് നൽകി അവ വിദ്യാലയങ്ങളിൽ കൃത്യമായി നടപ്പിൽവരുത്തുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Mentoring - വീഡിയോ കോൺഫെറൻസ്

Mentoring ഉമായി ബന്ധപ്പെട്ട തയ്യാറാക്കിയിട്ടുള്ള Portal ന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി DGE 28.1.2020 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് വീഡിയോ കോൺഫെറൻസ് നടത്തുന്നു. 

സമ്മതിദായകരുടെ ദേശീയദിനാഘോഷം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലുള്ള സമ്മതിദായകരുടെ  ദേശീയദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 25 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ കഥാകാരന്‍ ടി പത്മനാഭന്‍ നിര്‍വഹിക്കും. പരിപാടിയില്‍ കലക്ടര്‍ ടി വി സുഭാഷ് അദ്ധ്യക്ഷത വഹിക്കും. എഡിഎം ഇ പി മേഴ്‌സി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പോലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര നിര്‍വഹിക്കും.

ഭക്ഷ്യ വിഷബാധ: സ്‌കൂളുകളില്‍ അടിയന്തര പരിശോധന നടത്താന്‍ നിര്‍ദ്ദേശം

ജില്ലയിലെ ചില വിദ്യാലയങ്ങളില്‍ നിന്ന് ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുഴുവന്‍ സ്‌കൂളുകളിലും അടിയന്തര പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഭക്ഷ്യസുരക്ഷാ- ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു പുറമെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തണം. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലം, പാചകത്തിനുപയോഗിക്കുന്ന വെള്ളം, ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കും.
പാചകത്തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടോ എന്ന കാര്യവും പരിശോധിക്കും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത പാചകത്തൊഴിലാളികള്‍ ഇത് എത്രയും വേഗം എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന മുഴുവന്‍ സ്ഥലങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കണം. സ്‌കൂളുകളില്‍ പാകം ചെയ്ത ഭക്ഷണം മുതിര്‍ന്നവര്‍ കഴിച്ച ശേഷം മാത്രമേ കുട്ടികള്‍ക്ക് നല്‍കാവൂ എന്നും യോഗം നിര്‍ദ്ദേശിച്ചു. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, അംഗം അജിത്ത് മാട്ടൂല്‍, ഡിഎംഒ ഡോ. കെ നാരായണ നായിക്, ഡിഡിഇ  ടി പി നിര്‍മലാ ദേവി, ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ പി കെ ഗൗരീഷ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. കെ എം ഷാജ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭക്ഷ്യവിഷബാധ: മുന്‍കരുതലുകളെടുക്കണമെന്ന് ഡിഎംഒ

ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ സ്‌കൂള്‍, ഹോസ്റ്റല്‍ അധികൃതരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായിക് അറിയിച്ചു.
അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കിണര്‍വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക, കിണറുകളും ജലസംഭരണികളും അടച്ചുസൂക്ഷിക്കുകയോ വലയിട്ട് മൂടുകയോ ചെയ്യുക, ഭക്ഷണം പാചകം ചെയ്യുന്നതിനു മുമ്പും വിതരണം ചെയ്യുന്ന സമയത്തും കൈകള്‍ വൃത്തിയായി കഴുകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, പാചകത്തൊഴിലാളികളുടെ ആരോഗ്യവും വൃത്തിയും ഉറപ്പുവരുത്തുക, പാത്രങ്ങള്‍ വൃത്തിയുള്ളതും ചെമ്പ് പാത്രങ്ങളാണെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഈയം പൂശിയതുമാണെന്ന് ഉറപ്പുവരുത്തുക, ഭക്ഷണം പാചകം ചെയ്യാനുപയോഗിക്കുന്ന സാധനങ്ങള്‍ കേടുവന്നതല്ലെന്ന് ഉറപ്പുവരുത്തുക, പാചകം ചെയ്ത ആഹാരപദാര്‍ത്ഥങ്ങള്‍ അടച്ചുവയ്ക്കുക, പാകം ചെയ്ത് കൂടുതല്‍ സമയം കഴിയുന്നതിന് മുമ്പ് ഉപയോഗിക്കുക, കുടിക്കുന്നതിനു നന്നായി തിളപ്പിച്ച വെള്ളം മാത്രം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡിഎംഒ അറിയിച്ചു.

തീയതി നീട്ടി

2020 ഫെബ്രുവരിയിൽ നടക്കുന്ന എൽഎസ്എസ്-യുഎസ്എസ് പരീക്ഷയുടെ രജിസ്‌ട്രേഷൻ 25ന് വൈകിട്ട് അഞ്ച് മണി വരെ നീട്ടി.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്: വിവരങ്ങൾ പരിശോധിക്കാം

2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിദ്യാർത്ഥി വിവരങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്ക് പരിശോധിക്കാം. '' https://sslcexam.kerala.gov.in '' ലെ '' Candidate Date Part Certificate View '' എന്ന ലിങ്കിലൂടെ വിദ്യാഭ്യാസജില്ല, സ്‌കൂൾ, അഡ്മിഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കാം. പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ സ്‌ക്കൂൾ പ്രഥമാധ്യാപകരെ 29നകം വിവരം അറിയിക്കണം.

    ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ / ഗവ :ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ  
                                            അടിയന്തിര ശ്രെദ്ധക്ക്  
      പൊതു വിദ്യാഭ്യാസം 2020 -21 അധ്യയനവർഷം ഗവ: പ്രൈമറി സ്കൂൾ പ്രധാനാധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിന് അർഹരായ അധ്യാപകരുടെ അപേക്ഷകൾ തയ്യാറാക്കി 05 -02 -2020  തിയതിക്കു മുമ്പായി ഈ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

CIRCULAR

PROFORMA

PROFORMA II

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയ കലകളിൽ എ ഗ്രേഡ് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. നിലവിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/സർക്കാർ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്നവരായിരിക്കണം. വിദ്യാർത്ഥിയുടെ വിവരങ്ങൾ (പേര്, സ്ഥാപനം, അഡ്രസ്, എ ഗ്രേഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ നമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പർ) അടങ്ങിയ അപേക്ഷ സ്ഥാപന മേധാവിയുടെ ശുപാർശയോടുകൂടി സ്‌കോളർഷിപ്പ് സ്‌പെഷ്യൽ ഓഫീസർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446780308, 9446096580, 0471-2306580. ഇ-മെയിൽ: dcescholarship@gmail.com.    

കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്: സംസ്ഥാനതല മത്സരം ഫെബ്രുവരി മൂന്നിന്

പന്ത്രണ്ടാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ സംസ്ഥാനതല മത്സരങ്ങൾ ഫെബ്രുവരി മൂന്നിന് തിരുവനന്തപുരം വള്ളക്കടവിലെ കേരള ജൈവവൈവിധ്യ മ്യൂസിയത്തിൽ നടക്കും. ജില്ലകളിൽ നടന്ന ജില്ലാതല പ്രോജക്ട് അവതരണ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്. കോൺഗ്രസ്സിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഗിഫ്റ്റഡ് കുട്ടികൾ, ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിലെ വിജയികൾ എന്നിവരെ ഉൾപ്പെടുത്തി കുട്ടികളുടെ ജൈവവൈവിധ്യ സെമിനാറും നടക്കും. കേരളത്തിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞർ കുട്ടികളുമായി സംവദിക്കുന്ന മീറ്റ് ദി സയന്റിസ്റ്റ് പ്രോഗ്രാം ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് 200 കുട്ടികളും 100 അധ്യാപകരും പങ്കെടുക്കും. കാലാവസ്ഥ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്നതാണ് ഈ വർഷത്തെ കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ മുഖ്യവിഷയം. സംസ്ഥാനതലത്തിൽ പെയിന്റിംഗ്, ഫോട്ടോഗ്രഫി, ഉപന്യാസ മത്സരങ്ങളിൽ വിജയികളായവർക്ക് അന്ന് സമ്മാനങ്ങൾ വിതരണം ചെയ്യും.