ഭരണഘടനാ വാർഷികാഘോഷ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും എസ്.സി.ഇ.ആർ.ടി യുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ 'നൈതികം' പഠനകാർഡുകളുടെയും പോസ്റ്ററുകളുടെയും പ്രകാശനവും ഇന്ന് (നവംബർ 26) പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് നിർവഹിക്കും. രാവിലെ 9.30ന് പൂജപ്പുര എസ്.സി.ഇ.ആർ.ടി യിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അധ്യക്ഷത വഹിക്കും. 'നൈതികം' എന്ന പേരിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഭരണഘടനയുടെ എഴുപതാം വാർഷികം ആഘോഷിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ, നമ്മെ ഏൽപ്പിക്കുന്ന കടമകൾ, മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പഠനകാലത്ത് തന്നെ കുട്ടികൾക്ക് ധാരണയുണ്ടാക്കാൻ അവസരമൊരുക്കുന്നതാണ് പരിപാടികൾ. ക്ലാസ് സഭകൾ, മാതൃകാ സ്‌കൂൾ ഭരണഘടനാ നിർമാണം, ചർച്ചകൾ, സംവാദങ്ങൾ എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ: ജെ. പ്രസാദ്, ആസൂത്രണ ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ, സർവ ശിക്ഷാ കേരള സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ: എ.പി. കുട്ടികൃഷ്ണൻ, സീമാറ്റ് ഡയറക്ടർ ഡോ: എം.എ. ലാൽ, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ: പി.എസ്. ശ്രീകല, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് തുടങ്ങിയവർ സംബന്ധിക്കും.
No comments:
Post a Comment