*658 യുവശാസ്ത്ര പ്രതിഭകൾ തലസ്ഥാനത്തെത്തും
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 658 യുവശാസ്ത്ര പ്രതിഭകൾ തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയേഴാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കും. നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിൽ ഇന്ന് (ഡിസംബർ 27) രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഡോ. ശശിതരൂർ എം.പി അധ്യക്ഷത വഹിക്കും. വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രം ധരിച്ച വിദ്യാർത്ഥികൾ അണിനിരക്കുന്ന ഘോഷയാത്ര രാവിലെ 8.30ന് മാർ ഇവാനിയോസ് നഗറിൽ നടക്കും. 30ന് വൈകിട്ട് അഞ്ചിന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ബാലശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സംബന്ധിക്കും. ബാലശാസ്ത്ര കോൺഗ്രസ് 31ന് സമാപിക്കും.
സംസ്ഥാനതലത്തിൽ വിജയികളായ കുട്ടികളാണ് ബാലശാസ്ത്ര കോൺഗ്രസിനെത്തുന്നത്. ആദ്യമായാണ് കേരളത്തിൽ ബാലശാസ്ത്ര കോൺഗ്രസ് നടക്കുന്നതെന്ന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. പി. സുധീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് 16 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ഏകദേശം 1260 ഡെലിഗേറ്റുകൾ ബാലശാസ്ത്ര കോൺഗ്രസിനെത്തും.
12 കേന്ദ്രങ്ങളിലായി ടെക്‌നിക്കൽ സെഷനുകൾ നടക്കും. കുട്ടികൾക്ക് മാതൃഭാഷയിൽ പേപ്പറുകൾ അവതരിപ്പിക്കാനാവുമെന്ന പ്രത്യേകതയുണ്ട്. കുട്ടികളെ അനുഗമിക്കുന്ന അധ്യാപകരുടെ ശിൽപശാലയും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. സയൻസ് ആക്ടിവിറ്റി കോർണർ, ശാസ്ത്ര പ്രദർശനം എന്നിവയും നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണി മുതൽ ഏഴു വരെ മീറ്റ് ദ സയന്റിസ്റ്റ് പരിപാടി നടക്കും. വൈകുന്നേരം കലാപരിപാടിയും ഒരുക്കിയിട്ടുണ്ട്.
ബംഗളൂരു ഐ. എസ്. ആർ. ഒ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ, ഡി. ആർ. ഡി. ഒ എയ്‌റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. ടെസി തോമസ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി. എസ്. ഈസ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് ഡോ. എം. സി. ദത്തൻ തുടങ്ങിയവർ മീറ്റ് ദ സയന്റിസ്്റ്റ് പരിപാടിയിൽ പങ്കെടുക്കും.
No comments:
Post a Comment