ഹൈടെക് സ്‌കൂൾ പദ്ധതികൾ പൂർത്തീകരണത്തിലേക്ക്

*സ്‌കൂളുകളിൽ വിന്യസിച്ചത് 116259 ലാപ്‌ടോപ്പുകളും 67194 പ്രൊജക്ടറുകളും

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതികൾ പൂർത്തീകരണത്തിലേക്ക്. 2018 ജനുവരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഹൈടെക് സ്‌കൂൾ പദ്ധതിയിലൂടെ 4752 സ്‌കൂളുകളിലെ 45000 ക്ലാസ് മുറികൾ പൂർണമായും ഹൈടെക്കായി. 2019 ജൂലൈയിൽ ഉദ്ഘാടനം ചെയ്ത ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുള്ള 9941 സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിയും പൂർണമായി.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള സർക്കാർ എയിഡഡ് സ്‌കൂളുകളിൽ ഇതുവരെ വിന്യസിച്ചത് 116259 ലാപ്‌ടോപ്പുകളും, 97655 യു.എസ്.ബി സ്പീക്കറുകളും, 67194 പ്രൊജക്ടറുകളും, 41811 മൗണ്ടിംഗ് കിറ്റുകളും, 23098 സ്‌ക്രീനുകളുമാണ്. ഇതിന് പുറമെ 4545 എൽ.ഇ.ഡി ടെലിവിഷൻ(43'), 4611 മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾ, 4578 ഡി.എസ്.എൽ.ആർ ക്യാമറ, 4720എച്ച്.ഡി വെബ്ക്യാം എന്നിവയും സ്‌കൂളുകളിൽ വിന്യസിച്ചു കഴിഞ്ഞു.  കിഫ്ബിയിൽ നിന്നും 562 കോടി രൂപയാണ് ഹൈടെക് സ്‌കൂൾ-ഹൈടെക് ലാബ് പദ്ധതികൾക്ക് ഇതുവരെ ചെലവഴിച്ചത്.

ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവൻ അദ്ധ്യാപകർക്കും പ്രത്യേക ഐടി പരിശീലനം നൽകിയിട്ടുണ്ട്. പാഠഭാഗങ്ങൾ ക്ലാസ്മുറിയിൽ ഡിജിറ്റൽ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി 'സമഗ്ര' പോർട്ടൽ സജ്ജമാക്കി. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ 2060 സ്‌കൂളുകളിൽ സ്ഥാപിച്ച 'ലിറ്റിൽ കൈറ്റ്‌സ്' യൂണിറ്റുകൾ വഴിയും ഹൈടെക് സ്‌കൂൾ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ സജീവമാക്കുന്നുണ്ട്.  എല്ലാ ഉപകരണങ്ങൾക്കും അഞ്ച് വർഷ വാറണ്ടിയും ഇൻഷുറൻസ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോൾ സെന്ററും വെബ് പോർട്ടലും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ പ്രത്യേക ഐടി ഓഡിറ്റ് പൂർത്തിയാക്കാനും സംസ്ഥാനതല ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം നടത്താനും ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.

സ്‌കൂൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനങ്ങൾ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഒരു ഡിവിഷനിൽ ഏഴ് കുട്ടികളിൽ താഴെയുണ്ടായിരുന്ന 1359 സ്‌കൂളുകൾക്കും ഉപകരണങ്ങൾ എത്തിക്കാൻ സർക്കാർ ഭരണാനുമതി നൽകിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.

സ്‌കൂൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം, അസംബ്ലിപാർലമെന്റ്, മണ്ഡലങ്ങൾ, ജില്ല എന്നിങ്ങനെ ഹൈടെക് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുള്ള സ്‌കൂളുകളുടെ മുഴുവൻ വിശദാംശങ്ങളും 'സമേതം' പോർട്ടലിൽ (www.sametham.kite.kerala.gov.in ) ഹൈടെക് സ്‌കൂൾ ലിങ്ക് വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

No comments:

Post a Comment