സൂര്യപ്രകാശത്തില്‍ ഏഴ് വര്‍ണങ്ങളെന്ന് വിദ്യാര്‍ഥികള്‍; ഉത്തരം തെറ്റെന്ന് വിദ്യാഭ്യാസ മന്ത്രി മാടായി സ്‌കൂള്‍ ക്ലാസ് മുറികളില്‍ വിദ്യാര്‍ഥിയായും അധ്യാപകനായും പ്രഫ. രവീന്ദ്രനാഥ്

നിയമസഭ സബ്ജക്ട് കമ്മറ്റി സന്ദർശനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി മാടായി ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ക്ലാസ് മുറികൾ നോക്കി കാണുന്നു

സൂര്യപ്രകാശത്തില്‍ എത്ര വര്‍ണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥിന്റെ ചോദ്യത്തിന് മാടായി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഫിസിക്‌സ് വിദ്യാര്‍ഥികള്‍ ഒറ്റ ശബ്ദത്തില്‍ മറുപടി പറഞ്ഞു; ഏഴ്. എന്നാല്‍ കുസൃതിച്ചിരിയോടെ മന്ത്രിയുടെ മറുപടി; ഉത്തരം തെറ്റാണ്. കുട്ടികളുടെ മുഖത്ത് ആശ്ചര്യവും നിരാശയും ഒന്നിച്ച് വിടരുന്നത് കണ്ടപ്പോള്‍ മന്ത്രി പറഞ്ഞു. സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന വര്‍ണങ്ങള്‍ എത്രയെന്ന ചോദ്യത്തിന് നിങ്ങള്‍ പറഞ്ഞ ഉത്തരം ശരിയല്ല. എന്നാല്‍ നിങ്ങള്‍ പറഞ്ഞ ഉത്തരം ശരിയാകുന്ന വിധത്തില്‍ ഞാന്‍ എന്റെ ചോദ്യം മാറ്റാം. സൂര്യപ്രകാശത്തില്‍ മനുഷ്യന്റെ നേത്രങ്ങള്‍ കൊണ്ട് കാണാനാവുന്ന നിറങ്ങളെത്ര? അപ്പോള്‍ നിങ്ങള്‍ പറഞ്ഞ ഏഴ് എന്ന ഉത്തരം ശരിയാവും. അതേസമയം നമുക്ക് കാണാന്‍ കഴിയാത്ത മറ്റനേകം നിറങ്ങള്‍ സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുണ്ടെന്നും മന്ത്രി നല്ലൊരു അധ്യാപകന്റെ മെയ് വഴക്കത്തോടെ പറഞ്ഞു നിര്‍ത്തി. അപ്പോള്‍ കുട്ടികള്‍ക്ക് സംശയം; ഏഴില്‍ കൂടുതല്‍ വര്‍ണങ്ങള്‍ കാണാന്‍ പിന്നെ ആര്‍ക്കാണ് കഴിയുക? അത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനാണ് ഓരോ ക്ലാസ് മുറിയിലും ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി.
സംസ്ഥാനത്തെ സ്‌കൂള്‍ ക്ലാസ് മുറികളുടെ ഹൈടെക് വല്‍ക്കരണം പൂര്‍ത്തിയാവുന്ന പശ്ചാത്തലത്തില്‍ അവയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ തുടക്കമായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മാടായി ഗവ. ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ക്ലാസ് മുറികളില്‍ സന്ദര്‍ശനം നടത്തിയത്. മന്ത്രി ഹൈസ്‌കൂള്‍ ക്ലാസിലെത്തിയപ്പോള്‍ പ്രകാശത്തിന്റെ സഞ്ചാരത്തെ കുറിച്ചായിരുന്നു ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ അധ്യാപിക ക്ലാസ്സെടുത്തുകൊണ്ടിരുന്നത്. കുറച്ചു നേരം വിദ്യാര്‍ഥികള്‍ക്കൊപ്പമിരുന്ന് ക്ലാസ് കേട്ട മന്ത്രി കുറച്ചുനേരം അധ്യാപകനായി മാറുകയായിരുന്നു. പണ്ട് നമ്മളൊക്കെ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഒരു മാധ്യമത്തില്‍ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ പ്രകാശം വളയുമെന്ന് അധ്യാപകന്‍ പറയുന്നത് കേട്ടിരിക്കാനേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് അത് ദൃശ്യരൂപത്തില്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഹൈടെക് സംവിധാനങ്ങളുടെ സഹായമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹൈസ്‌കൂളിലെയും പ്ലസ്ടുവിലേയും ഫിസിക്‌സ്, മാത്ത്‌സ്, ഇക്കണോമിക്‌സ് ക്ലാസ്സുകളും സന്ദര്‍ശിക്കുകയും അധ്യാപന രീതിയും വിദ്യാര്‍ഥികളുടെ പ്രതികരണവും വിലയിരുത്തുകയും ചെയ്ത ശേഷമാണ് മന്ത്രിയും സംഘവും മടങ്ങിയത്. പാഠഭാഗവുമായി ബന്ധപ്പെട്ട് പാഠപുസ്‌കതകങ്ങള്‍ക്കു പുറത്തുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും അവയ്ക്ക് ഉത്തരം കണ്ടെത്താന്‍ ഇന്റര്‍നെറ്റ് അടക്കമുള്ള സാങ്കേതികവിദ്യാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയും വേണമെന്ന് മന്ത്രി കുട്ടികളോട് പറഞ്ഞു. തന്റെ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കാര്യത്തില്‍ ടി വി രാജേഷ് എംഎല്‍എ കാണിക്കുന്ന താല്‍പര്യം ശ്ലാഘനീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

No comments:

Post a Comment