ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പുകള്‍ ആരംഭിച്ചു


ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ നവംബര്‍ 16 ന് തുടങ്ങി. ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഗെയിമുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകതയാണ്. ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ ഘട്ടങ്ങള്‍, ക്രമാനുഗതമായ ഭ്രമണപഥം ഉയര്‍ത്തല്‍, സോഫ്റ്റ്‌ലാന്‍ഡിംഗ് എന്നിവ ഉള്‍പ്പെട്ട കമ്പ്യൂട്ടര്‍ ഗെയിം വിഷ്വല്‍ പ്രോഗ്രാമിംഗ് സോഫ്റ്റ്വെയറായ സ്‌ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികള്‍ തയ്യാറാക്കും. ആനിമേഷന്‍ വിഭാഗത്തിലെ കുട്ടികള്‍ ലഘുകഥകളെ അടിസ്ഥാനമാക്കിയുള്ള അനിമേഷനുകള്‍ റ്റുപിട്യൂബ് ഡെസ്‌ക് എന്ന സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കും. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പിലെ പ്രവര്‍ത്തനനങ്ങള്‍. ജില്ലയിലെ 152 സ്‌കൂളുകളിലായി 4100 ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളാണുള്ളത്.  സ്‌കൂള്‍തല ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുത്ത 1062 കുട്ടികളാണ് ഉപജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഒരു യൂണിറ്റില്‍ നിന്ന് പ്രോഗ്രാമിംഗിനും ആനിമേഷനും നാലുവീതം കുട്ടികളെയാണ് ഉപജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തത്. 15 ഉപജില്ലകളിലാണ് 25 ദ്വിദിന ക്യാമ്പുകള്‍ നടക്കുന്നത്. 10 ക്യാമ്പുകള്‍ 22 നും 10 ക്യാമ്പുകള്‍ ഡിസംബര്‍ ഏഴിനും നടക്കും.
ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്സ് സോഫ്റ്റ്വെയറായ 'ആപ്പ് ഇന്‍വെന്റര്‍' ഉപയോഗിച്ചുള്ള മൊബൈല്‍ ഗെയിം, ടോര്‍ച്ച് ആപ്പ് എന്നിവയുടെ നിര്‍മ്മാണം, ത്രീഡി ആനിമേഷന്‍ സോഫ്റ്റ്വെയറായ ബ്ലെന്‍ഡര്‍, റ്റുഡി ആനിമേഷന്‍ സോഫ്റ്റ്‌വെയറായ റ്റുപിട്യൂബ് ഡെസ്‌ക് എന്നിവ ഉപയോഗിച്ചുള്ള ആനിമേഷന്‍ നിര്‍മ്മാണം, സൈബര്‍ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍, അവതരണങ്ങള്‍ എന്നിവയിലാണ് പരിശീലനം. ഹൈടെക് സംവിധാനങ്ങള്‍ ക്ലാസ്മുറികളില്‍ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ലിറ്റില്‍കൈറ്റ്‌സ് അംഗങ്ങളെ സജ്ജമാക്കുന്ന സെഷനുകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

No comments:

Post a Comment