കിഫ്ബി പദ്ധതി: സ്‌കൂള്‍ നവീകരണ എസറ്റിമേറ്റ് 15 ദിവസത്തിനകം സമര്‍പ്പിക്കണം സ്‌കൂളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ ജില്ലയില്‍ 40 കോടി

സ്‌കുള്‍ അധികൃതര്‍ക്കായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സ്‌കൂള്‍ അധികൃതര്‍ 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്. തദ്ദേശ സ്വയംഭരണ  വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത സ്‌കൂള്‍ അധികൃതരുടെ  യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ഫണ്ട് ഉപയോഗിച്ച്  40 വിദ്യാലയങ്ങള്‍ക്ക് ഒരു കോടി രൂപ വീതം 40 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പാക്കും.
500 നും 1000 നും ഇടയില്‍ വിദ്യാര്‍ഥികളുള്ള സ്‌കൂളുകള്‍ക്കാണ് ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നതിനായി തുക അനുവദിച്ചത്. പയ്യന്നൂര്‍ മണ്ഡലത്തിലെ ഏഴും ഇരിക്കൂര്‍, കല്യാശേരി, അഴീക്കോട് എന്നീ മണ്ഡലങ്ങളില്‍ അഞ്ച് വീതവും, കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ നാല് വീതവും മട്ടന്നൂരില്‍ മൂന്നും കൂത്തുപറമ്പ്, പേരാവൂര്‍, ധര്‍മ്മടം മണ്ഡലങ്ങളില്‍ ഒന്ന് വീതവും സ്‌കൂളുകള്‍ക്കാണ് ഒരു കോടി രൂപ വീതം അനുവദിച്ചത്. കെട്ടിടം പൊളിക്കല്‍, മണ്ണ് പരിശോധന തുടങ്ങിയ നിര്‍മ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട ചെലവുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കണം. പി ടി എയുള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് സ്‌കൂളുകള്‍ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളുമുണ്ടാകണമെന്നും കെ വി സുമേഷ് പറഞ്ഞു.  
എം എല്‍ എമാരുടെ നേതൃത്വത്തില്‍ ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍, പി ടി എ പ്രസിഡണ്ട്, സ്റ്റാഫ് സെക്രട്ടറി, എഞ്ചിനീയര്‍ എന്നിവരുള്‍പ്പെട്ട സംഘം ഡിസംബര്‍ ഏഴിനകം ബന്ധപ്പെട്ട സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ഓരോ സ്‌കൂളിനും ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കണമെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ  നിര്‍ദേശം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് ഡിസംബര്‍ 15 നുള്ളില്‍ പൂര്‍ത്തിയാക്കണം. ജനുവരിയോടെ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയണം. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ ക്ലാസ് മുറികള്‍ വേണമെന്ന ഉദ്ദേ്യശത്തോടെയാണ് പദ്ധതിയെന്നും പദ്ധതി നടത്തിപ്പില്‍ കാലതാമസമുണ്ടാകരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. കിലയാണ് പദ്ധതിയുടെ സ്‌പെഷ്യല്‍ പെര്‍പ്പസ് വെഹിക്കിള്‍. തദ്ദേശവകുപ്പ് എഞ്ചിനീയറിങ്ങ് വിഭാഗത്തെയാണ് പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും പ്രസിഡണ്ട് അറിയിച്ചു.  
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ കെ ശോഭ, സെക്രട്ടറി വി ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എന്‍ ബിജോയ്, പ്രധാനാധ്യാപകര്‍, പി ടി എ പ്രസിഡണ്ടുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment