'ചായക്കട' യില്‍ കേള്‍ക്കാം ലഹരിയുടെ കെടുതികള്‍

വിമുക്തി പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ സംഘടപ്പിക്കുന്ന സഞ്ചരിക്കുന്ന ചായക്കട പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്യുന്നു.

'നമ്മളും മാഷുമാരും എല്ലാരും ചേര്‍ന്നാല്‍ ഇത് നമ്മക്ക് ഇല്ലാണ്ടാക്കാനാകും'; 'ചായക്കട' യിലിരുന്ന് ലഹരി വിമുക്ത കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് പത്രോസും കുമാരനും. ഇപ്പഴത്തെ കുട്ട്യോള് പണ്ടത്തെ പോലെയല്ല, അവര്‍ക്ക് വേണ്ടോളം കാശ് കിട്ടും. എന്നിട്ടോ, കണ്ട ലഹരി വസ്തുക്കള്‍ ഒക്കെ ഉപയോഗിച്ച് നശിക്കും. ഈ ലഹരിന്ന് വെച്ചാ എന്താ, ഒരു പ്രാവശ്യം ഉപയോഗിച്ചാലെ പിന്നേം പിന്നേം ഉപയോഗിക്കാന്‍ തോന്നും. പിന്നെ കിട്ടിയില്ലെങ്കിലോ ശരീരം മൊത്തം വേദനയായിരിക്കും- പത്രോസ് വാചാലനായി. ലഹരിയുടെ ദുഷ്യ ഫലങ്ങളെ കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തുന്നതിനും ലഹരിവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായി സംവിധാനം ചെയ്ത വേറിട്ട ബോധവല്‍ക്കരണ പരിപാടിയായ ചായക്കടയില്‍ നിന്നുള്ളതാണ് ഈ രംഗം.
ലഹരി ഉപയോഗം വിദ്യാര്‍ഥികളുടെ പഠനത്തെയും ജീവിതത്തെയും എങ്ങിനെ ബാധിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. അതോടൊപ്പം ലഹരിക്ക് അടിപ്പെട്ടവര്‍ക്ക് അതില്‍ നിന്നുള്ള മോചനമാര്‍ഗവും ചായക്കട നിര്‍ദ്ദേശിക്കുന്നുണ്ട്. നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം'എന്ന സന്ദേശത്തോടെ എക്സൈസ് വകുപ്പും ജില്ലാ പഞ്ചായത്തും സംഘടിപ്പിക്കുന്ന ജനകീയ ബോധവല്‍ക്കണ ഡോക്യുമെന്ററി ചായക്കടയുടെ ജില്ലയില്‍ യാത്ര തുടങ്ങി.
കലക്ടറേറ്റ് പരിസരത്ത് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സഞ്ചരിക്കുന്ന ചായക്കട ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെ നടക്കേണ്ടത് ധാര്‍മ്മിക യുദ്ധമാണെന്നും ലഹരിവിരുദ്ധ ചര്‍ച്ചകള്‍ പൊതു ഇടങ്ങളില്‍ സജീവമാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിമുക്തി കേവലം ഒരു പരിപാടിയല്ല , കാലഘട്ടത്തിന്റെ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  നാട്ടിലെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ചകള്‍ക്കിടമാകുന്ന ചായക്കടയെ പ്രതീകമാക്കി തയ്യാറാക്കിയ ബോധവല്‍ക്കരണ പരിപാടിയെ മന്ത്രി പ്രശംസിച്ചു. പയ്യന്നൂരിലെ ചിത്രാഞ്ജലി സ്റ്റുഡിയോ ആണ് സഞ്ചരിക്കുന്ന ചായക്കട ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്  അധ്യക്ഷനായി.  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി കെ സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, കെഎസ്ഇഎസ്എ ജില്ലാ പ്രസിഡണ്ട് കെ രാജേഷ് എന്നിവര്‍ പങ്കെടുത്തു.
രണ്ടാഴ്ച്ചക്കാലം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും പ്രധാന പട്ടണങ്ങളിലും ചായക്കട പര്യടനം നടത്തും. ലഹരിക്കെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്ന ബോധവല്‍ക്കരണ പരിപാടിയായ വിമുക്തി ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.  വിമുക്തി ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് തലശ്ശേരി ടൗണ്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.

No comments:

Post a Comment