ജില്ലയിലെ 341 സ്‌കൂളുകള്‍ ഹൈടെക്ക് നിലവാരത്തിലേക്ക്; പ്രഖ്യാപനം ജനുവരിയില്‍

ജില്ലയിലെ 341 സ്‌കൂളുകള്‍  ഹൈടെക്ക് നിലവാരത്തിലേക്ക്;

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള സര്‍ക്കാര്‍, എയിഡഡ് സ്ഥാപനങ്ങളിലെ  എല്ലാ  ക്ലാസ് മുറികളും ഹൈടെക് ആക്കുവാനുള്ള കൈറ്റിന്റെ (കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍) ഹൈടെക് സ്‌കൂള്‍ -ഹൈടെക് ലാബ് പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരിയില്‍ നടക്കും. 199 സര്‍ക്കാര്‍ സ്‌കൂളുകളും 142 എയിഡഡ് സ്‌കൂളുകളും  ഉള്‍പ്പെടെ ജില്ലയിലെ 341 സ്‌കൂളുകളാണ് പൂര്‍ണമായും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇതിനായി  48.78 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും ചെലവഴിച്ചത്.
2018 ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ 10008 ലാപ്‌ടോപ്പുകളും 8520 യു എസ് ബി സ്പീക്കറുകളും 5810 പ്രൊജക്ടറുകളും 3410 മൗണ്ടിംഗ് കിറ്റുകളും, 2792 സ്‌ക്രീനുകളും വിന്യസിച്ചിട്ടുണ്ട്. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഹൈടെക് ലാബ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 1013 സ്‌കൂളുകളിലും (228സര്‍ക്കാര്‍, 785 എയിഡഡ്) ഉപകരണ വിതരണം പൂര്‍ത്തിയാക്കി. ഇതിന് പുറമെ 341 എല്‍ഇഡി ടെലിവിഷന്‍ (43'), 341 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകള്‍, 334 ഡിഎസ്എല്‍ആര്‍ ക്യാമറ, 341 എച്ച്ഡി വെബ്ക്യാം എന്നിവയും സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഐഎംഎന്‍എസ്ജിഎച്ച്എസ്സ്എസ്സ് മയ്യിലാണ് ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയ സര്‍ക്കാര്‍ സ്‌കൂള്‍. 81 ലാപ്‌ടോപ്പ്, 59 പ്രൊജക്ടര്‍ എന്നിവ മയ്യില്‍ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. 132 ലാപ്‌ടോപ്പുകളും 112 പ്രൊജക്ടറുകളും ലഭിച്ച കടമ്പൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളാണ് എയിഡഡ് സ്‌കൂളുകളില്‍ മുന്നില്‍ നില്‍ക്കുന്നത്.
പദ്ധതിയുടെ ഭാഗമായി  മുഴുവന്‍ അധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം നല്‍കിയിരുന്നു. ഡിജിറ്റല്‍ സംവിധാനത്തിലൂടെ പാഠഭാഗങ്ങള്‍ ഫലപ്രദമായി വിനിമയം നടത്താനായി 'സമഗ്ര'പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വഴി ജില്ലയില്‍ 148 സ്‌കൂളുകളില്‍ ഹൈടെക് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ജനുവരിയില്‍ പ്രത്യേക ഐടി ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതിനും ജില്ലാ - സംസ്ഥാനതല ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനും  ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഒരു ഡിവിഷനില്‍ ഏഴ് കുട്ടികളില്‍ താഴെയുണ്ടായിരുന്ന ജില്ലയിലെ 163 സ്‌കൂളുകള്‍ക്കും ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. സ്‌കൂള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, അസംബ്ലി-പാര്‍ലമെന്റ് മണ്ഡലങ്ങള്‍, ജില്ല എന്നിങ്ങനെ ഹൈടെക് ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുള്ള സ്‌കൂളുകളുടെ മുഴുവന്‍ വിശദാംശങ്ങളും സമേതം (www.sametham.kite.kerala.gov.in) പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

No comments:

Post a Comment