ഫയലിലൊതുങ്ങാത്ത അനുഭവങ്ങള്‍ പങ്കിട്ട് സര്‍വ്വീസ് സ്റ്റോറി മത്സരം

ഭരണഭാഷാ വാരാഘോഷ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു

ഫയലുകള്‍ക്കിടയില്‍ കാണാതെ പോവുന്ന മനുഷ്യ ജീവിതങ്ങളുടെ കഥകളായിരുന്നു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പറയാനുണ്ടായത്. സര്‍ക്കാര്‍ സേവനകാലത്തിനിടയില്‍ ഉണ്ടായ ഹൃദയസ്പര്‍ശിയായ അനുഭവങ്ങളാണ് ഭരണഭാഷ വാരാചരണത്തിന്റെ ഭാഗമായി വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് 'സര്‍വീസ് സ്റ്റോറി' എന്ന പേരില്‍ സംഘടിപ്പിച്ച അനുഭവക്കുറിപ്പ് മത്സരത്തെ ശ്രദ്ധേയമാക്കിയത്. നവ മാധ്യമങ്ങളുടെ വിവേചന രഹിതമായ ഇടപെടലുകള്‍ കാരണം ജീവിതം തന്നെ തകര്‍ന്നു പോകുന്നവര്‍ ഏറെയാണ്. സ്വന്തം ഓഫീസിലെ ഒരു ജീവനക്കാരിക്ക് ഉണ്ടായ അത്തരത്തിലൊരനുഭവത്തിന്റെ തുറന്നു പറച്ചിലായിരുന്നു ജീവനക്കാരുടെ മത്സരത്തില്‍ ഒന്നാമതെത്തിയ  മേഖല രോഗ നിര്‍ണ്ണയ ലബോറട്ടറി യു ഡി ടൈപ്പിസ്റ്റ് ടി അനില്‍കുമാറിന്റേത്.

വിവിധ വകുപ്പുകള്‍ മാറി മാറി വരുമ്പോള്‍ ജീവനക്കാര്‍ക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ക്കിടയില്‍ കണ്ണു നനയിക്കുന്ന കഥകളും ഏറെ. ചുവപ്പുനാടകള്‍ക്കിടയില്‍ അറിയാതെ കുരുങ്ങിപ്പോകുന്നവരെയും അവര്‍ക്ക് താങ്ങാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം നല്‍കിയ ഹൃദ്യമായ  അനുഭവങ്ങളും ഇതിലുണ്ടായിരുന്നു.

വിവിധ ഭാഷകളുടെ സംഗമ വേദിയി മാറിയ ഒരു വിദ്യാലയം. കുട്ടികളുടെ നോവും നേരുമറിയുന്നവരാണ് അധ്യാപകര്‍. നെഞ്ചു പൊള്ളിക്കുന്ന അനുഭവങ്ങളെ നേരിടേണ്ടി വരുന്നവര്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന ദേവത്താര്‍ കണ്ടി യുപി സ്‌കൂളിലെ അധ്യാപകന്‍ ഹശ്ഹാശിന്റെ രചനയില്‍ കാണാനായത് അദ്ധ്യാപകര്‍ വഴികാട്ടികളായി മാറുന്ന അപൂര്‍വ അനുഭവം. സ്വന്തം പിറന്നാളാഘോഷിക്കാന്‍ പറ്റാത്ത വേദനയില്‍ കുഞ്ഞുമനസ്സു വേദനിച്ചപ്പോള്‍ സുരഭി എന്ന കൊച്ചു കുട്ടിക്ക് തണലായതും പിറന്നാളുടുപ്പും മധുരവും നല്‍കി അവള്‍ക്കായി സ്‌കൂളില്‍ സദ്യ ഒരുക്കിയതും അവളെ പുതുജീവിതത്തിലേക്കു കൊണ്ടുവന്നതും ഏറെ ഹൃദ്യമായാണ് ഹശ്ഹാശ് മാഷ് അവതരിപ്പിച്ചത്. അദ്ധ്യാപകര്‍ക്കുള്ള മത്സരത്തിലെ ഒന്നാം സ്ഥാനവും ഇതിനു തന്നെ.

മൂല്യനിര്‍ണയത്തിന്റെ രീതിശാസ്ത്രങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വഴങ്ങാത്ത ചില ഉത്തരക്കടലാസുകളുടെ കഥ പറഞ്ഞാണ് പാപ്പിനിശേരി ഇ എം എസ് സ്മാരക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക എസ് ശ്രീലേഖ രണ്ടാമതെത്തിയത്. ഓരോ കുട്ടിയും വ്യത്യസ്തനാണെന്ന തിരിച്ചറിവിലാണ് ഒരു നല്ല അദ്ധ്യാപകന്‍ ജനിക്കുന്നതെന്ന സന്ദേശം പകരുന്നതായിരുന്നു ശ്രീലേഖ ടീച്ചറുടെ അനുഭവം.

ഒരു പ്രത്യേക വിഭാഗം മാത്രം എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കാലത്തു നിന്നും എല്ലാവരും എഴുത്തുകാരായി മാറുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന്  എഴുത്തുകാരനും എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്ററുമായ ടി പി വേണുഗോപാലന്‍ അഭിപ്രായപ്പെട്ടു. അദ്ധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമായി സംഘടിപ്പിച്ച അനുഭവക്കുറിപ്പ് മത്സരത്തെ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സാഹിത്യ രൂപങ്ങളില്‍ നിന്നും മാറി പച്ചയായ അനുഭവം പറച്ചിലുകള്‍ക്ക് ഭാഷയുടെ ആലങ്കാരികതകള്‍ ഇല്ല. ആത്മ നിരീക്ഷണങ്ങളും വിശാലമായ കാഴ്ചകളും ഭാഷാ തടസ്സങ്ങളില്ലാതെ എഴുതി അനുഭവക്കുറിപ്പ് മത്സരത്തിന്റെ ഭാഗമായവരെ അദ്ദേഹം അഭിനന്ദിച്ചു. മുഖം മൂടികളില്ലാതെ, ഒളിപ്പിച്ചു വെക്കലുകളില്ലാതെ തുറന്നു പറയുന്നവരുടെ അനുഭവങ്ങള്‍ക്ക് വായനക്കാരും ഉണ്ടാകുന്നു. സമൂഹത്തിന്റെ വിവിധ തുറകളില്‍ ഇടപെടുന്ന അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജോലിത്തിരക്കുകള്‍ക്കിടയില്‍ അനുഭവങ്ങള്‍ കുത്തിക്കുറിക്കുക എളുപ്പമല്ല എങ്കില്‍പ്പോലും, സ്വതന്ത്രമായ എഴുത്തുകള്‍ക്ക് ഇടം ലഭിക്കുന്ന ഇന്നത്തെ കാലത്ത് അത് പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments:

Post a Comment