ഹൈടെക് സ്‌കൂൾ ലാബുകളിലേയ്ക്ക് 16500 ലാപ്‌ടോപ്പുകൾ കൂടി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയ പദ്ധതിയുടെ തുടർച്ചയായി ലാബുകളിലേയ്ക്ക് പുതുതായി 16500 ലാപ്‌ടോപ്പുകൾ കൂടി ലഭ്യമാക്കും.  ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകൾക്കായി നൽകിയ 117723 ലാപ്‌ടോപ്പുകൾക്ക് പുറമെയാണ് അധിക ലാപ്‌ടോപ്പുകൾ അനുവദിച്ചത്.
നിലവിലുള്ള കമ്പ്യൂട്ടർ ലാബുകൾ നന്നായി സജ്ജീകരിച്ചിട്ടുള്ളതും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതുമായ സ്‌കൂളുകളിൽ ആവശ്യകതയ്ക്കനുസരിച്ചായിരിക്കും ഈ ലാപ്‌ടോപ്പുകൾ അനുവദിക്കുകയെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.  ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഗണിത പഠനത്തിന് മാത്‌സ് ലാബ്, ഫിസിക്‌സ് പഠനത്തിന് എക്‌സ്‌പൈസ് തുടങ്ങിയ പുതിയ സംവിധാനങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിൽ ഹൈസ്‌ക്കൂൾ-ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ഉപകരണങ്ങളും ലാബ് സൗകര്യവും പരസ്പരം പങ്കുവെച്ച് ഉപയോഗിക്കുന്ന വിദ്യാലയങ്ങൾക്കാവും മുൻഗണന.
ഹൈടെക് സ്‌കൂൾ-ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ ലാപ്‌ടോപ്പുകൾക്ക് പുറമെ 99141 സ്പീക്കറുകൾ, 68609 പ്രൊജക്ടറുകൾ, 43250 മൗണ്ടിംഗ് കിറ്റുകൾ, 23098 സ്‌ക്രീനുകൾ, 4545 നാല്പത്തിമൂന്ന് ഇഞ്ച് എൽ.ഇ.ഡി. ടെലിവിഷൻ, 4611 മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾ, 4578 ഡി.എസ്.എൽ.ആർ. ക്യാമറകൾ, 4720 എച്ച്.ഡി. വെബ്ക്യാം തുടങ്ങിയവ സ്‌കൂളുകൾക്ക് ലഭ്യമാക്കി.
ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി അവശേഷിക്കുന്ന 1417 ക്ലാസ് മുറികളുള്ള 544 സ്‌കൂളുകളിൽ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും മൗണ്ടിംഗ് കിറ്റുകളും 27 മുതൽ കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും.  പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ നിർദേശ പ്രകാരം ഒരു ഡിവിഷനിൽ ഏഴ് കുട്ടികളിൽ താഴെയുള്ള പ്രൈമറി വിഭാഗത്തിലെ 1359 സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ ഉപകരണങ്ങളുടെ വിതരണം ഫെബ്രുവരിയിൽ പൂർത്തിയാക്കും.

No comments:

Post a Comment