കേരളത്തിലെ വിദ്യാഭ്യാസരംഗം നവോത്ഥാനത്തിന്റെ പാതയില്‍: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

തലശ്ശേരി വലിയ മാടാവില്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിനെ ഒ.ചന്തുമേനോന്‍ സ്മാരക സ്‌കൂള്‍ ആയി പുനര്‍ നാമകരണം ചെയ്യുന്ന ചടങ്ങ് മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

കേരളത്തിലെ വിദ്യാഭ്യാസരംഗം നവോത്ഥാനത്തിന്റെ പാതയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. തലശ്ശേരി വലിയമാടാവില്‍ ഗവ. സീനിയര്‍ ബേസിക് സ്‌കൂളിനെ ഒ ചന്തുമേനോന്‍ സ്മാരക സ്‌കൂള്‍ ആയി പുനര്‍ നാമകരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

വിദ്യാഭ്യാസരംഗം കമ്പോള സംസ്‌കാരത്തില്‍ നിന്നും ജനകീയ സംസ്‌കാരത്തിലേക്ക്  മാറികൊണ്ടിരിക്കുകയാണെന്നും തകര്‍ച്ചയുടെ വക്കില്‍ നിന്നും നിരവധി സര്‍ക്കാര്‍ സ്‌കൂളുകള്‍ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  ഓരോ ക്ലാസ് മുറികളിലും ഓരോ ലൈബ്രറി എന്ന നിലയില്‍ കേരളത്തിലെ സ്‌കൂളുകളില്‍ ചുരുങ്ങിയത് ഒരുലക്ഷം ലൈബ്രറികള്‍ സ്ഥാപിച്ചു കഴിഞ്ഞു. കുട്ടികളെ വായനയിലേക്ക് അടുപ്പിച്ച്  വായനയുടെ വസന്തം തീര്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.  ഫെബ്രുവരി മാസത്തോടെ കേരളത്തിലെ ഒന്ന് മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകള്‍ ഹൈടെക്  ആകുമെന്നും ഇത് യാഥാര്‍ഥ്യമാക്കുന്നതോടെ ഇന്ത്യയില്‍ ആദ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ  ഇന്ദുലേഖയുടെ കര്‍ത്താവ്  ഒ ചന്തുമേനോന്‍ പ്രാഥമിക  വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ ആണ് വലിയ മാടാവില്‍ യു പി സ്‌കൂള്‍.  ഒറ്റ നോവല്‍ കൊണ്ട് തന്നെ കേരള സാഹിത്യ ചരിത്രത്തില്‍ ഇടം പിടിച്ച അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് സ്‌കൂളിന് പുനര്‍നാമകരണം നടത്തിയത്. 1806ല്‍ വലിയമാടാവ് തറവാട്ട് വളപ്പില്‍ സ്ഥാപിച്ച ഈ കുടിപ്പള്ളിക്കൂടത്തിലായിരുന്നു തലശ്ശേരിയിലെയും  തിരുവങ്ങാട്ടെയും പ്രമുഖ വ്യക്തികള്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ ഒ ചന്തു മേനോന്‍ ഛായാചിത്ര സമര്‍പ്പണം ചന്തുമേനോന്റെ പ്രപൗത്രി ചൈതന്യ ഉണ്ണി നഗരസഭാ വൈസ് പ്രസിഡന്റ് നജ്മ ഹാഷിമിന് നല്‍കി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ കെ പ്രസാദന്‍,  നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വിനയരാജ്,  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി പി സുമേഷ്,  കൗണ്‍സിലര്‍ മാരായ എ വി ശൈലജ,  എം പി അരവിന്ദാക്ഷന്‍,  സാജിത ടീച്ചര്‍,  എന്‍ രേഷ്മ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മല ദേവി,  പ്രധാനാധ്യാപകന്‍ കെ പ്രസാദന്‍, സംഘാടക സമിതി കണ്‍വീനര്‍ എസ് ശ്രീജന്‍,  സ്റ്റാഫ് സെക്രട്ടറി ഇ അബ്ദുള്‍ മജീദ്,  വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  പരിപാടിയോടനുബന്ധിച്ച് സാംസ്‌കാരിക സദസും വിവിധ കലാപരിപാടികളും നടന്നു.

No comments:

Post a Comment